Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 11

കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്;

ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.

അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;

താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.

നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും;

ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.

ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല;

നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.

നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും;

ദുഷ്ടൻ തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും.

നേരുള്ളവരുടെ നീതി അവരെ വിടുവിക്കും;

ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.

ദുഷ്ടൻ മരിക്കുമ്പോൾ അവന്‍റെ പ്രതീക്ഷ നശിക്കുന്നു;

നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു.

നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു;

ദുഷ്ടൻ അവന് പകരം അകപ്പെടുന്നു.

വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു;

നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.

നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു;

ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.

നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു;

ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.

കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ;

വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു.

ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;

വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.

മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു;

മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്1.

അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!

ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.

കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു;

കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.

ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു;

ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;

നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും.

നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു;

ദോഷത്തെ പിന്തുടരുന്നവൻ തന്‍റെ മരണത്തിനായി പ്രവർത്തിക്കുന്നു.

വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്;

നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ.

നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല;

നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

വിവേകമില്ലാത്ത ഒരു സുന്ദരി

പന്നിയുടെ മൂക്കിലെ പൊൻമൂക്കുത്തിപോലെ.

നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ;

ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.

ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു;

മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു.

ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും;

തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും.

ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;

അത് വില്‍ക്കുന്നവന്‍റെ തലമേൽ അനുഗ്രഹം വരും.

നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു;

തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും.

തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും;

നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.

സ്വഭവനത്തെ വലയ്ക്കുന്നവന്‍റെ അവകാശം വായുവത്രെ;

ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.

നീതിമാന് ജീവവൃക്ഷം പ്രതിഫലം;

ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.

നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ

ദുഷ്ടനും പാപിക്കും എത്ര അധികം?

Source notes (1)
  1. Footnote രക്ഷയുണ്ട് ജയമുണ്ട്

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.