Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 12

പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;

ശാസന വെറുക്കുന്നവനോ മൂഢൻ.

ഉത്തമൻ യഹോവയിൽനിന്ന് പ്രസാദം പ്രാപിക്കുന്നു;

ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു.

ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല;

നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല.

സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം;

നാണംകെട്ടവൾ അവന്‍റെ അസ്ഥികൾക്ക് ദ്രവത്വം.

നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം;

ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.

ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു;

നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു.

ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും;

നീതിമാന്മാരുടെ ഭവനം നിലനില്ക്കും.

മനുഷ്യൻ തന്‍റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു;

വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ

നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.

നീതിമാൻ തന്‍റെ മൃഗത്തിന്‍റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു;

ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ.

നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും;

നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ.

ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു;

നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

ദുഷ്ടൻ തന്‍റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും;

നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും.

തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും;

തന്‍റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും.

ഭോഷന് തന്‍റെ വഴി ചൊവ്വായി തോന്നുന്നു;

ജ്ഞാനി ആലോചന കേട്ടു അനുസരിക്കുന്നു.

ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;

വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു.

സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;

കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.

വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്;

ജ്ഞാനികളുടെ നാവോ സുഖപ്രദം.

സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;

വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.

ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്;

സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്.

നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല;

ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും.

വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്;

സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം.

വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു;

ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു.

ഉത്സാഹികളുടെ കൈ അധികാരം നടത്തും;

മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും.

മനോവ്യസനം നിമിത്തം മനുഷ്യന്‍റെ മനസ്സ് ക്ഷീണിക്കുന്നു;

ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.

നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു;

ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.

മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;

ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു.

നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്;

അതിന്‍റെ പാതയിൽ മരണം ഇല്ല.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.