Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 10

ശലോമോന്‍റെ സദൃശവാക്യങ്ങൾ

ശലോമോന്‍റെ സദൃശവാക്യങ്ങൾ:

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;

ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു.

ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല;

നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.

യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;

ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു.

മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു;

ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.

വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ;

കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ.

നീതിമാന്‍റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;

എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.

നീതിമാന്‍റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്;

ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും.

ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു;

വിവേകശൂന്യനായ ഭോഷനോ വീണുപോകും.

നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;

നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും.

കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു;

തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു.

എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു.

പക വഴക്കുകൾക്ക് കാരണം ആകുന്നു;

സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.

വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്;

ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും.

ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;

ഭോഷന്‍റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.

ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം;

എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.

നീതിമാന്‍റെ സമ്പാദ്യം ജീവഹേതുവും

ദുഷ്ടന്‍റെ ആദായം പാപകാരണവും ആകുന്നു.

പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;

ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു;

പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ;

ഏഷണി പറയുന്നവൻ ഭോഷൻ.

വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല;

അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.

നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി;

ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

നീതിമാന്‍റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും;

ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.

യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;

അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.

ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു;

വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.

ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും;

നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;

നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.

ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ,

അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്.

യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു;

ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും.

നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;

ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും.

യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം;

ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.

നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;

ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.

നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു;

വക്രതയുള്ള നാവ് ഛേദിക്കപ്പെടും.

നീതിമാന്‍റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു;

ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.