Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 9

ജ്ഞാനവും ഭോഷത്തവും

ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു;

അതിന് ഏഴു തൂണുകൾ തീർത്തു.

അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി,

തന്‍റെ മേശ ഒരുക്കിയിരിക്കുന്നു.

അവൾ തന്‍റെ ദാസികളെ അയച്ച്

പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:

“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.”

ബുദ്ധിഹീനനോട് അവൾ പറയുന്നത്;

“വരുവിൻ, എന്‍റെ അപ്പം തിന്നുകയും

ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!

ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ!

വിവേകത്തിന്‍റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ.”

പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;

ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.

പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്;

ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.

ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്‍റെ ജ്ഞാനം വർദ്ധിക്കും;

നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.

യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും

പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

ഞാൻ മുഖാന്തരം നിന്‍റെ ആയുസിന്‍റെ നാളുകൾ പെരുകും;

നിനക്കു ദീർഘായുസ്സ് ഉണ്ടാകും.

നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും;

പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.”

ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;

അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.

തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി,

കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്

അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ

തന്‍റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.

“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.”

ബുദ്ധിഹീനനോട് അവൾ പറയുന്നത്;

“മോഷ്ടിച്ച വെള്ളം മധുരവും

ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.”

എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും

അവളുടെ വിരുന്നുകാർ പാതാളത്തിന്‍റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.