Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 8

ജ്ഞാനത്തെ പ്രകീർത്തിക്കുന്നു

ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ?

ബുദ്ധിയായവൾ തന്‍റെ സ്വരം ഉയർത്തുന്നില്ലയോ?

അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ,

പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു.

അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും

ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:

“പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു;

എന്‍റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു.

അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ;

മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.

കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും;

എന്‍റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും.

എന്‍റെ വായ് സത്യം സംസാരിക്കും;

ദുഷ്ടത എന്‍റെ അധരങ്ങൾക്ക് അറപ്പാകുന്നു.

എന്‍റെ വായിലെ മൊഴി സകലവും നീതിയാകുന്നു;

അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല.

അവയെല്ലാം ബുദ്ധിമാന് തെളിവും

പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു.

വെള്ളിയെക്കാൾ എന്‍റെ പ്രബോധനവും

മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ.

ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു;

മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.

ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു;

പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു.

യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു;

ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകക്കുന്നു.

ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്;

ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്.

ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;

പ്രഭുക്കന്മാർ നീതി നടത്തുന്നു.

ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും

ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;

എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.

എന്‍റെ പക്കൽ ധനവും മാനവും

പുരാതനസമ്പത്തും നീതിയും ഉണ്ട്.

എന്‍റെ ഫലം പൊന്നിലും തങ്കത്തിലും

എന്‍റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്.

എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും

അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് 1

ഞാൻ നീതിയുടെ മാർഗ്ഗത്തിലും

ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു.

യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി,

തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

ഞാൻ പുരാതനമേ, ആദിയിൽ തന്നെ,

ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു.

ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു;

വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ.

പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും

കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.

അവിടുന്ന് ഭൂമിയെയും വയലുകളെയും

ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും

ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ.

അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു;

അവിടുന്ന് ആഴത്തിന്‍റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും

അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും

ആഴത്തിന്‍റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും

വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം

അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും

ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

ഞാൻ അവിടുത്തെ അടുക്കൽ ശില്പി2 ആയിരുന്നു;

ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട്

ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു.

അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു;

എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു.

ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ;

എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.

പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ;

അതിനെ ത്യജിച്ചുകളയരുത്.

ദിവസംപ്രതി എന്‍റെ പടിവാതില്ക്കൽ ജാഗരിച്ചും

എന്‍റെ വാതില്ക്കൽ കാത്തുകൊണ്ടും

എന്‍റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;

അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

എന്നോട് പാപം ചെയ്യുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു;

എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”

Source notes (2)
  1. Footnote അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് ഞാന്‍ സത്യത്തിലും നീതിയുടെ മാർഗ്ഗത്തിലും അവരെ നടക്കുമാറാക്കി
  2. Footnote ശില്പി പ്രിയ പുത്രന്‍

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.