Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സദൃശവാക്യങ്ങൾ 11

കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു;

ഒത്ത പടിയോ അവന്നു പ്രസാദം.

അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;

താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.

നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും;

ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.

ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല;

നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും;

ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.

നേരുള്ളവരുടെ നീതി അവരെ വിടുവിക്കും;

ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.

ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു;

നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.

നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു;

ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു.

വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു;

നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.

നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു;

ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.

നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു;

ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.

കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ;

വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.

ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;

വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു;

മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.

അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!

ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.

ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു;

വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.

ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു;

ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;

നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു;

ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.

വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു;

നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം.

ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം;

നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

വിവേകമില്ലാത്ത ഒരു സുന്ദരി

പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.

നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ;

ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.

ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു;

മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.

ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും;

തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.

ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;

അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.

നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു;

തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.

തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും;

നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.

സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ;

ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.

നീതിമാന്നു ജീവവൃക്ഷം പ്രതിഫലം;

ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു. 1

നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ

ദുഷ്ടന്നും പാപിക്കും എത്ര അധികം?

Source notes (1)
  1. Cross-reference 1. പത്രൊസ് 4:18

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.