Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സദൃശവാക്യങ്ങൾ 10

ശലോമോന്റെ സദൃശവാക്യങ്ങൾ

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;

ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.

ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല;

നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;

ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.

മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു;

ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.

വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ;

കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.

നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;

എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു;

ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.

ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു;

വിടുവായനായ ഭോഷനോ വീണുപോകും.

നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;

നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു;

തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു.

എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. 1

പക വഴക്കുകൾക്കു കാരണം ആകുന്നു;

സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.

വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു;

ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം.

ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;

ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.

ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം;

എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.

നീതിമാന്റെ സമ്പാദ്യം ജീവഹേതുവും

ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.

പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;

ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;

പക മറെച്ചുവെക്കുന്നവൻ പൊളിവായൻ;

ഏഷണി പറയുന്നവൻ ഭോഷൻ.

വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല;

അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.

നീതിമാന്റെ നാവു മേത്തരമായ വെള്ളി;

ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;

ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.

യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;

അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.

ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു;

ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.

ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും;

നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;

നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.

ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ

മടിയൻ തന്നേ അയക്കുന്നവർക്കു ആകുന്നു.

യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു;

ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.

നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;

ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.

യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം;

ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം.

നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല;

ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.

നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു;

വക്രതയുള്ള നാവോ ഛേദിക്കപ്പെടും.

നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു;

ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.

Source notes (1)
  1. Cross-reference യാക്കോബ് 5:20; 1. പത്രൊസ് 4:8

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.