ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സദൃ. 19
വികടാധരം ഉള്ള മൂഢനെക്കാൾ
പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല;
തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു.
മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു;
അവന്‍റെ ഹൃദയം യഹോവയോട് കോപിക്കുന്നു.
സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു;
എളിയവന്‍റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു.
കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല;
ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല.
പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു;
ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു;
അവന്‍റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും?
അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു.
ബുദ്ധി സമ്പാദിക്കുന്നവൻ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു;
വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല;
ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും.
സുഖജീവിതം ഭോഷന് യോഗ്യമല്ല;
പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും?
വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു;
ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം.
രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം;
അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
മൂഢനായ മകൻ അപ്പന് നിർഭാഗ്യം;
ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ.
ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം;
ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;
അലസചിത്തൻ പട്ടിണികിടക്കും.
കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;
നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും.
എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു;
അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.
പ്രത്യാശയുള്ളേടത്തോളം നിന്‍റെ മകനെ ശിക്ഷിക്കുക;
എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
മുൻകോപി പിഴ കൊടുക്കേണ്ടിവരും;
നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും.
പില്‍ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന്
ആലോചന കേട്ടു പ്രബോധനം കൈക്കൊള്ളുക.
മനുഷ്യന്‍റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്;
യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്.
ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ.
യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു;
അതുള്ളവൻ തൃപ്തനായി വസിക്കും;
അനർത്ഥം അവന് നേരിടുകയില്ല.
മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു;
വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല.
പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;
ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ
ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ
നീ പരിജ്ഞാനത്തിന്‍റെ വചനങ്ങളിൽ നിന്ന് അകന്നുപോകും.
അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു;
ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
പരിഹാസികൾക്കായി ശിക്ഷാവിധിയും
മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.