Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 15

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;

കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;

മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.

യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്;

ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

നാവിന്‍റെ ശാന്തത ജീവവൃക്ഷം;

അതിന്‍റെ വക്രതയോ മനോവ്യസനം.

ഭോഷൻ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു;

ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.

നീതിമാന്‍റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്;

ദുഷ്ടന്‍റെ ആദായത്തിലോ അനർത്ഥം.

ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;

മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.

ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്;

നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.

ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്;

എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.

സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും;

ശാസന വെറുക്കുന്നവൻ മരിക്കും.

പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ

മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;

ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;

ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.

വിവേകമുള്ളവന്‍റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;

മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു.

പീഡിതന്‍റെ ജീവനാൾ എല്ലാം കഷ്ടകാലം;

സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.

ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ

യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.

വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ

സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.

ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;

ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.

മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു;

നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;

മൂഢനോ അമ്മയെ നിന്ദിക്കുന്നു.

ഭോഷത്തം ബുദ്ധിഹീനന് സന്തോഷം;

വിവേകിയോ ചൊവ്വായി നടക്കുന്നു.

ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു;

ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.

താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും;

തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!

ബുദ്ധിമാന്‍റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു;

കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും;

വിധവയുടെ അതിര്‍ അവിടുന്ന് ഉറപ്പിക്കും.

ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്;

ദയാവാക്കോ നിർമ്മലം.

ദുരാഗ്രഹി തന്‍റെ ഭവനത്തെ വലയ്ക്കുന്നു;

കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.

നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു;

ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.

യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;

നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.

പുഞ്ചിരിക്കുന്ന മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു1;

നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു2.

ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ

ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.

പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു;

ശാസന കേട്ടു അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.

യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;

മാനത്തിന് വിനയം മുന്നോടിയാകുന്നു.

Source notes (2)
  1. Footnote പുഞ്ചിരിക്കുന്ന മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു കണ്ണിന്‍റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു
  2. Footnote നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.