ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സദൃ. 14
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു;
ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;
നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.
ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു1;
ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;
കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.
വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല;
കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു.
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.
മൂഢന്‍റെ മുമ്പിൽനിന്ന് മാറിപ്പോകുക;
പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;
ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.
ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;
നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.
ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;
നീതിമാന്‍റെ കൂടാരമോ തഴയ്ക്കും.
ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;
അതിന്‍റെ അവസാനം മരണവഴികൾ അത്രേ.
ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;
സന്തോഷത്തിന്‍റെ അവസാനം ദുഃഖമായിരിക്കാം.
ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും;
നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും.
അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;
സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു2;
ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;
വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും3.
അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;
സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
ദുർജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും
ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു.
ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു;
ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.
കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ.
ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?
നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.
എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;
വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;
മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു.
യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;
അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും.
യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും.
പ്രജാബാഹുല്യം രാജാവിന് ബഹുമാനം;
പ്രജാന്യൂനത പ്രഭുവിന് നാശം.
ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.
ശാന്തമനസ്സ് ദേഹത്തിന് ജീവൻ;
അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
എളിയവനെ പീഡിപ്പിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.
ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു4.
വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.
നീതി രാജ്യത്തെ ഉയർത്തുന്നു;
പാപം ജനതക്ക് അപമാനം.
ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു;
നാണംകെട്ടവൻ അവന്‍റെ കോപത്തെ നേരിടും.
Source notes (4)
- Footnote ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു ഭോഷന്‍റെ അഹങ്കാരം അവനെക്കൊണ്ട് അധികം സംസാരിപ്പിക്കുന്നു
- Footnote ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു ജ്ഞാനി യഹോവയെ ഭയപ്പെടുന്നു
- Footnote വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും വിവേകമുള്ളവന്‍ ശാന്തനായിരിക്കും
- Footnote നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു നീതിമാന്‍ മരണത്തിലും പ്രത്യാശ കണ്ടെത്തുന്നു
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.