Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 81

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.

നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിൻ;

യാക്കോബിന്റെ ദൈവത്തിന്നു ആർപ്പിടുവിൻ.

തപ്പും ഇമ്പമായുള്ള കിന്നരവും

വീണയും എടുത്തു സംഗീതം തുടങ്ങുവിൻ. 1

അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ

പൗർണ്ണമാസിയിലും കാഹളം ഊതുവിൻ.

ഇതു യിസ്രായേലിന്നു ഒരു ചട്ടവും

യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.

മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോൾ

ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു;

അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.

ഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു. 2

കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു;

ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്കു ഉത്തരമരുളി;

മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.

എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും.

യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു. 3

അന്യദൈവം നിനക്കു ഉണ്ടാകരുതു;

യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.

മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന

യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു;

നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും.

എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല;

യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.

അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു

ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.

അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും

യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.

എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു;

അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.

യഹോവയെ പകെക്കുന്നവർ അവന്നു കീഴടങ്ങുമായിരുന്നു;

എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.

അവൻ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു;

ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു.

Source notes (3)
  1. Cross-reference സംഖ്യാപുസ്തകം 10:10
  2. Cross-reference പുറപ്പാടു 17:7; സംഖ്യാപുസ്തകം 20:13
  3. Cross-reference പുറപ്പാടു 20:2,3; ആവർത്തനപുസ്തകം 5:6,7

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.