Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 80

സംഗീതപ്രമാണിക്കു; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.

1

ആട്ടിൻ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി

യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ;

കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.

എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ

നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.

ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;

ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.

സൈന്യങ്ങളുടെ ദൈവമായ യഹോവേ,

നീ നിന്റെ ജനത്തിന്റെ പ്രാർത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?

നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു;

അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.

നീ ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്കു വഴക്കാക്കിതീർക്കുന്നു;

ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.

സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;

ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.

നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു;

ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.

നീ അതിന്നു തടം എടുത്തു

അതു വേരൂന്നി ദേശത്തു പടർന്നു.

അതിന്റെ നിഴൽകൊണ്ടു പർവ്വതങ്ങൾ മൂടിയിരുന്നു;

അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.

അതു കൊമ്പുകളെ സമുദ്രംവരെയും

ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.

വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം

നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?

കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു;

വയലിലെ മൃഗങ്ങൾ അതു തിന്നുകളയുന്നു.

സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ;

സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു

ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.

നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും

നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.

അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു;

നിന്റെ മുഖത്തിന്റെ ഭർത്സനത്താൽ അവർ നശിച്ചുപോകുന്നു.

നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ

നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.

എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല;

ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.

സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;

ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.

Source notes (1)
  1. Cross-reference പുറപ്പാടു 25:22

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.