Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 38

ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം.

യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ.

ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

നിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു;

നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു.

നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല;

എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.

എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു;

ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.

എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.

ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു;

ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.

എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു;

എന്റെ ദേഹത്തിൽ സൗഖ്യമില്ല.

ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു;

എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.

കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു.

എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.

എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു;

എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.

എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു;

എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു.

എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു;

എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു;

അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.

എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;

വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും

വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.

യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു;

എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.

അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു;

എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പു പറയുമല്ലോ.

ഞാൻ ഇടറി വീഴുമാറായിരിക്കുന്നു;

എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു;

എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.

എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ,

എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.

ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി

നന്മെക്കു പകരം തിന്മ ചെയ്യുന്നു.

യഹോവേ, എന്നെ കൈവിടരുതേ;

എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.

എന്റെ രക്ഷയാകുന്ന കർത്താവേ,

എന്റെ സഹായത്തിന്നു വേഗം വരേണമേ.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.