Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 36

സംഗീതപ്രമാണിക്കു; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം.

1

ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു;

അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.

തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല

എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.

അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു;

ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.

അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;

കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു;

ദോഷത്തെ വെറുക്കുന്നതുമില്ല.

യഹോവേ, നിന്റെ ദയ ആകാശത്തോളവും

നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.

നിന്റെ നീതി ദിവ്യപർവ്വതങ്ങളെപ്പോലെയും

നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു;

യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.

ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു!

മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു;

നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.

നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ;

നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.

നിന്നെ അറിയുന്നവർക്കു നിന്റെ ദയയും

ഹൃദയപരമാർത്ഥികൾക്കു നിന്റെ നീതിയും ദീർഘമാക്കേണമേ.

ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ;

ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.

ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നേ വീഴുന്നു:

അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാൻ കഴിയുന്നതുമില്ല.

Source notes (1)
  1. Cross-reference റോമർ 3:18

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.