Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 28

ദാവീദിന്റെ ഒരു സങ്കീർത്തനം.

യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;

എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ;

നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ.

ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി

നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.

ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ;

അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു;

എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു. 1

അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ;

അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ;

അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;

യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും

അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും.

യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ;

അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.

യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;

എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു;

അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു;

പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.

യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു;

തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.

നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ;

അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.

Source notes (1)
  1. Cross-reference വെളിപ്പാടു 22:12

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.