Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 141

ദാവീദിന്റെ ഒരു സങ്കീർത്തനം.

യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;

എന്റെ അടുക്കലേക്കു വേഗം വരേണമേ;

ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ

എന്റെ അപേക്ഷ കേൾക്കേണമേ. 1

എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും

എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.

യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിർത്തി,

എന്റെ അധരദ്വാരം കാക്കേണമേ.

ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ

എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ;

അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.

നീതിമാൻ എന്നെ അടിക്കുന്നതു ദയ;

അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ;

എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ;

ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാർത്ഥനയേയുള്ളു.

അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും;

എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.

നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ

ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.

കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു;

ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.

അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും

ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.

ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു

ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.

Source notes (1)
  1. Cross-reference വെളിപ്പാടു 5:8

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.