Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സദൃശവാക്യങ്ങൾ 28

ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു;

നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.

ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു;

ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.

അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ

വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു;

ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു.

ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല;

യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ

പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ;

അതിഭക്ഷകന്മാർക്കു സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

പലിശയും ലാഭവും വാങ്ങി സമ്പത്തു വർദ്ധിപ്പിക്കുന്നവൻ

അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.

ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ

അവന്റെ പ്രാർത്ഥനതന്നേയും വെറുപ്പാകുന്നു.

നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്കു തെറ്റിക്കുന്നവൻ

താൻ കുഴിച്ച കുഴിയിൽ തന്നേ വീഴും;

നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.

ധനവാൻ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു;

ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.

നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം;

ദുഷ്ടന്മാർ ഉയർന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു.

തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല;

അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.

എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;

ഹൃദയത്തെ കഠിനമാക്കുന്നവനോ അനർത്ഥത്തിൽ അകപ്പെടും.

അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ

ഗർജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.

ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു;

ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും.

രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും;

അവനെ ആരും തടുക്കരുതു.

നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും;

നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും;

നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ;

ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.

മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല;

ഒരു കഷണം അപ്പത്തിന്നായും മനുഷ്യൻ അന്യായം ചെയ്യും.

കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു;

ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല.

ചക്കരവാക്കു പറയുന്നവനെക്കാൾ

ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.

അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു

അതു അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി.

അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു;

യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.

സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ;

ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.

ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല;

കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.

ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു;

അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർദ്ധിക്കുന്നു.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.