Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സദൃശവാക്യങ്ങൾ 27

1

നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു;

ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.

നിന്റെ വായല്ല മറ്റൊരുത്തൻ,

നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.

കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;

ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.

ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;

ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം?

മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.

സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;

ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.

തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;

വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.

കൂടുവിട്ടലയുന്ന പക്ഷിയും

നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;

ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.

നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു;

തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു;

ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലതു.

മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു

നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.

വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;

അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;

പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.

അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ

ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.

പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും

കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു;

അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.

ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു;

മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.

അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും;

യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.

വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു;

മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.

പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല;

മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.

വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന;

മനുഷ്യന്നോ അവന്റെ പ്രശംസ.

ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും

അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.

നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക;

നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക.

സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ;

കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു;

പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.

കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും

കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.

കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും

നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും

നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.

Source notes (1)
  1. Cross-reference യാക്കോബ് 4:13-16

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.