Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സദൃശവാക്യങ്ങൾ 19

വികടാധരം ഉള്ള മൂഢനെക്കാൾ

പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല;

തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു.

മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു;

അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.

സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു;

എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.

കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;

ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.

പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു;

ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.

ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു;

അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും?

അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.

ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;

ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.

കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;

ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.

സുഖജീവനം ഭോഷന്നു യോഗ്യമല്ല;

പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?

വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു;

ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.

രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം;

അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം;

ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ച പോലെ.

ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം;

ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;

അലസചിത്തൻ പട്ടണികിടക്കും.

കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;

നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.

എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു;

അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.

പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക;

എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.

മുൻകോപി പിഴ കൊടുക്കേണ്ടിവരും;

നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.

പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു

ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.

മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു;

യഹോവയുടെ ആലോചനയോ നിവൃത്തിയാകും.

മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും;

ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.

യഹോവാഭക്തി ജീവഹേതുകമാകുന്നു;

അതുള്ളവൻ തൃപ്തനായി വസിക്കും;

അനർത്ഥം അവന്നു നേരിടുകയില്ല.

മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു;

വായിലേക്കു തിരികെ കൊണ്ടുവരികയില്ല.

പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;

ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ

ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ

വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക.

നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു;

ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.

പരിഹാസികൾക്കായി ശിക്ഷാവിധിയും

മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.