Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

ഇയ്യോബ് 28

വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും

പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു.

ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു;

കല്ലുരുക്കി ചെമ്പെടുക്കുന്നു.

മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു;

കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ

അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.

പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു;

കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ;

മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു. ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു;

അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;

കനകപ്പൊടിയും അതിൽ ഉണ്ടു.

അതിന്റെ പാത കഴുകൻ അറിയുന്നില്ല;

പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.

പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല;

ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.

അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു;

പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.

അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു;

അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.

അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു;

ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.

എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?

വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;

ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.

അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;

അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.

തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;

അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.

ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ

നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;

സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;

തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല.

പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;

ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.

കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;

തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.

പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?

വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;

ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.

ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു

എന്നു നരകവും മരണവും പറയുന്നു.

ദൈവം അതിന്റെ വഴി അറിയുന്നു;

അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.

അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു;

ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.

അവൻ കാറ്റിനെ തൂക്കിനോക്കുകയും

വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.

അവൻ മഴെക്കു ഒരു നിയമവും

ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ

അവൻ അതു കണ്ടു വർണ്ണിക്കയും

അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. 1

കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;

ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം

എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.

Source notes (1)
  1. Cross-reference സങ്കീർത്തനങ്ങൾ 111:10; സദൃശവാക്യങ്ങൾ 1:7; 9:10

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.