Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

ഇയ്യോബ് 29

ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:

അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ

ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ

ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.

അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു;

അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.

എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും

സർവ്വശക്തൻ എന്നോടുകൂടെ വസിക്കയും

എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത

എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.

അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി;

പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.

ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു.

വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ

യൗവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും;

വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.

പ്രഭുക്കന്മാർ സംസാരം നിർത്തി,

കൈകൊണ്ടു വായ്പൊത്തും.

ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;

അവരുടെ നാവു അണ്ണാക്കോടു പറ്റും.

എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും;

എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.

നിലവിളിച്ച എളിയവനെയും അനാഥനെയും

തുണയറ്റവനെയും ഞാൻ വിടുവിച്ചു.

നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;

വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.

ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു;

എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

ഞാൻ കുരുടന്നു കണ്ണും

മുടന്തന്നു കാലും ആയിരുന്നു.

ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു;

ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു;

അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.

എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും;

ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.

എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു;

എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു.

എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;

എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.

മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും;

എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.

ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;

എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.

മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;

പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.

അവർ നിരാശപ്പെട്ടിരിക്കുമ്പോൾ

ഞാൻ അവരെ നോക്കി പുഞ്ചിരിയിടും;

എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല. ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും;

സൈന്യസഹിതനായ രാജാവിനെപ്പോലെയും

ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.