Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സെഖ. 6

നാലു രഥങ്ങൾ

ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്ന് നാലു രഥങ്ങൾ പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു. ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും തവിട്ടുനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു. എന്നോട് സംസാരിക്കുന്ന ദൂതനോട്: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു.

ദൂതൻ എന്നോട് ഉത്തരം പറഞ്ഞത്: “ഇതു സർവ്വഭൂമിയുടെയും കർത്താവിന്‍റെ സന്നിധിയിൽ നിന്നു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റ്1 ആകുന്നു. കറുത്ത കുതിരകൾ ഉള്ളത് വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ പടിഞ്ഞാറെ ദേശത്തേക്ക്2 പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്ക് പുറപ്പെട്ടു. തവിട്ടുനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിക്കുവാൻ നോക്കി: ‘നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിക്കുവിൻ’ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.”

അവൻ എന്നോട് ഉറക്കെ വിളിച്ചു പറഞ്ഞു: “വടക്കെ ദേശത്തേക്ക് പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിൽ എന്‍റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു.”

യോശുവയ്ക്കു കിരീടം

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്‍റെ മകനായ യോശീയാവിന്‍റെ വീട്ടിൽ നീ അന്ന് തന്നെ ചെല്ലേണം. അവരോടു നീ വെള്ളിയും പൊന്നും3 വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്‍റെ മകനായ യോശുവയുടെ തലയിൽ വച്ചു അവനോട് പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മുള’ എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്‍റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും. അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം4 ഉണ്ടാകും. ആ കിരീടം, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്‍റെ മകനായ യോശീയാവ്5 എന്നിവരുടെ ഓർമ്മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.” എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അത് സംഭവിക്കും.

Source notes (5)
  1. Footnote നാലു കാറ്റ് നാലു ആത്മാക്കള്‍
  2. Footnote വെളുത്തവ പടിഞ്ഞാറെ ദേശത്തേക്ക് വെളുത്തവ അവയുടെ പിന്നാലെ
  3. Footnote പൊന്നും ഉപഹാരവും
  4. Footnote മന്ത്രണം ഉപദേശം, രഹസ്യമായികൊടുക്കുന്ന ആലോചന, കൂടിയാലോചന (കൂടിയാലോചിച്ച് ഉണ്ടാക്കുന്ന തീരുമാനം).
  5. Footnote യോശീയാവ് ഹേൻ

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.