Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 115

യഹോവ സ്തുതി അർഹിക്കുന്നു

ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,

അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം

അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ.

“അവരുടെ ദൈവം എവിടെ?”

എന്നു ജനതകൾ പറയുന്നതെന്തിന്?

നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;

തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.

അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;

മനുഷ്യരുടെ കൈവേല തന്നെ.

അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;

കണ്ണുണ്ടെങ്കിലും കാണുന്നില്ല.

അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;

മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;

കാലുണ്ടെങ്കിലും നടക്കുന്നില്ല;

തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല.

അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;

അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.

യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;

കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;

അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;

ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.

യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;

ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.

യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും;

ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;

ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

ദൈവം യഹോവാഭക്തന്മാരായ

ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;

നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.

ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ

നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;

ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.

മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും

യഹോവയെ സ്തുതിക്കുന്നില്ല.

നാമോ, ഇന്നുമുതൽ എന്നേക്കും

യഹോവയെ വാഴ്ത്തും.

യഹോവയെ സ്തുതിക്കുവിൻ.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.