Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 6

മുന്നറിയിപ്പുകൾ

മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ

അന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ,

നിന്‍റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു;

നിന്‍റെ വായിലെ മൊഴികളാൽ നീ കെണിയിലായി.

ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക;

കൂട്ടുകാരന്‍റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ;

നീ ചെന്നു, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക.

നിന്‍റെ കണ്ണിന് ഉറക്കവും

നിന്‍റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്.

മാൻ നായാട്ടുകാരന്‍റെ കൈയിൽനിന്നും

പക്ഷി വേട്ടക്കാരന്‍റെ കൈയിൽനിന്നും

എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക,

മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക;

അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക.

അതിന് നായകനും മേൽവിചാരകനും

അധിപതിയും ഇല്ലാതിരുന്നിട്ടും

വേനല്ക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു;

കൊയ്ത്തുകാലത്ത് തന്‍റെ ഭക്ഷണം ശേഖരിക്കുന്നു.

മടിയാ, നീ എത്രനേരം കിടന്നുറങ്ങും?

എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?

കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;

കുറേക്കൂടെ കൈകെട്ടിക്കിടപ്പ്.

അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും

നിന്‍റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും.

നിസ്സാരനും ദുഷ്കർമ്മിയുമായവൻ

വായുടെ വക്രതയോടെ നടക്കുന്നു.

അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ടു തോണ്ടുന്നു;

വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു.

അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്;

അവൻ എല്ലായ്‌പ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു.

അതുകൊണ്ട് അവന്‍റെ ആപത്ത് പെട്ടെന്ന് വരും;

ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല.

ആറു കാര്യം യഹോവ വെറുക്കുന്നു;

ഏഴു കാര്യം അവന് അറപ്പാകുന്നു:

ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും

കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും

ദുരുപായം നിരൂപിക്കുന്ന ഹൃദയവും

ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും

ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും

സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.

വ്യഭിചാരത്തെപ്പറ്റിയുള്ള മുന്നറിയിപ്പ്

മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക;

അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്.

അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക;

നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക.

നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും.

നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും;

നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും.

കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും

പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു.

അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും

പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തിൽ മോഹിക്കരുത്;

അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്.

വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും;

വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ

മടിയിൽ തീ കൊണ്ടുവരാമോ?

ഒരുത്തനു കാൽ പൊള്ളാതെ

തീക്കനലിന്മേൽ നടക്കാമോ?

കൂട്ടുകാരന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ;

അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല.

കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ

ആരും അവനെ നിന്ദിക്കുന്നില്ല.

അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം;

തന്‍റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം;

സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;

അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

പ്രഹരവും അപമാനവും അവനു ലഭിക്കും;

അവന്‍റെ നിന്ദ മാഞ്ഞുപോകുകയുമില്ല.

ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു;

പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല.

അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;

എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.