Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 3

യുവജനങ്ങൾക്കുള്ള ഉപദേശം

മകനേ, എന്‍റെ ഉപദേശം മറക്കരുത്;

നിന്‍റെ ഹൃദയം എന്‍റെ കല്പനകൾ കാത്തുകൊള്ളട്ടെ.

അവ ദീർഘായുസ്സും ജീവകാലവും

സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.

ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്;

അവയെ നിന്‍റെ കഴുത്തിൽ കെട്ടിക്കൊള്ളുക;

നിന്‍റെ ഹൃദയത്തിന്‍റെ പലകയിൽ എഴുതിക്കൊള്ളുക.

അങ്ങനെ നീ ദൈവത്തിന്‍റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.

പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;

സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്.

നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക;

അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും;

നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്;

യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക.

അത് നിന്‍റെ നാഭിക്ക് ആരോഗ്യവും

അസ്ഥികൾക്ക് തണുപ്പും ആയിരിക്കും.

യഹോവയെ നിന്‍റെ ധനംകൊണ്ടും

എല്ലാ വിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക.

അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;

നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.

മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്;

അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്.

അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ

യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും

വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.

അതിന്‍റെ ആദായം വെള്ളിയെക്കാളും

അതിന്‍റെ ലാഭം തങ്കത്തെക്കാളും നല്ലത്.

അത് മുത്തുകളിലും വിലയേറിയത്;

നിന്‍റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല.

അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും

ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.

അതിന്‍റെ വഴികൾ സന്തുഷ്ടവും

അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു.

അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം;

അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

സൃഷ്ടിയിൽ ദൈവത്തിന്‍റെ ജ്ഞാനം

ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;

വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു.

അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;

മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു.

മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക;

അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്.

അവ നിനക്കു ജീവനും

നിന്‍റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.

അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;

നിന്‍റെ കാൽ ഇടറുകയുമില്ല.

നീ കിടക്കുവാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകുകയില്ല;

കിടക്കുമ്പോൾ നിന്‍റെ ഉറക്കം സുഖകരമായിരിക്കും.

പെട്ടെന്നുള്ള വിപത്ത് ഹേതുവായും

ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.

യഹോവ നിന്‍റെ ആശ്രയമായിരിക്കും;

അവിടുന്ന് നിന്‍റെ കാൽ കെണിയിൽപ്പെടാതെ കാക്കും.

നന്മ ചെയ്യുവാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ

അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്.

നിന്‍റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്:

“പോയിവരുക, നാളെത്തരാം” എന്നു പറയരുത്.

കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ,

അവന്‍റെനേരെ ദോഷം നിരൂപിക്കരുത്.

നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട്

നീ വെറുതെ കലഹിക്കരുത്.

സാഹസക്കാരനോട് നീ അസൂയപ്പെടരുത്;

അവന്‍റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്.

വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;

നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്.

യഹോവയുടെ ശാപം ദുഷ്ടന്‍റെ വീട്ടിൽ ഉണ്ട്;

നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു.

പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു;

എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു.

ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;

ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നെ.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.