Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സദൃ. 17

കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും

സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.

നാണംകെട്ട മകന്‍റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും;

സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.

വെള്ളിക്ക് പുടവും, പൊന്നിന് മൂശയും;

ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ.

ദുഷ്ക്ർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു;

വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു.

ദരിദ്രനെ പരിഹസിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;

ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.

മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു;

മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ.

സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല;

വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല.

സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും;

അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും.

സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു;

കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ

ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും.

മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;

ക്രൂരനായ ഒരു ദൂതനെ അവന്‍റെനേരെ അയയ്ക്കും.

മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ

കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം.

ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ

അവന്‍റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;

ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക.

ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും

രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്.

മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ

അത് വാങ്ങുവാൻ അവന്‍റെ കയ്യിൽ പണം എന്തിന്?

സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;

അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.

ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച്

കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു.

കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;

അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു1.

വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;

വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.

ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും;

മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല.

സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു;

തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

ദുഷ്ടൻ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന്

ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

ജ്ഞാനം ബുദ്ധിമാന്‍റെ മുമ്പിൽ ഇരിക്കുന്നു;

മൂഢന്‍റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു.

മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ

പ്രസവിച്ചവൾക്ക് കയ്പും ആകുന്നു.

നീതിമാന് പിഴ കല്പിക്കുന്നതും

ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല.

വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ;

ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.

മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും

നാവടക്കിയാൽ വിവേകിയായും എണ്ണും.

Source notes (1)
  1. Footnote അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു പടിവാതിൽ ഉയർത്തിപ്പണിയുന്നവൻ നാശം ഇച്ഛിക്കുന്നു

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.