ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
യെശ. 2
യഹോവയുടെ പർവ്വതം
ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.
വരും കാലങ്ങളില്‍
യഹോവയുടെ ആലയമുള്ള പർവ്വതം
പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും
കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും;
സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
അനേകവംശങ്ങളും ചെന്നു:
“വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്,
യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം;
അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും
നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും.
സീയോനിൽനിന്ന് ഉപദേശവും
യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും.
അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും
ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും;
അവർ അവരുടെ വാളുകളെ കലപ്പകളായും
കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;
ജനത ജനതക്കു നേരെ വാളോങ്ങുകയില്ല;
അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.
യഹോവയുടെ ദിവസം
യാക്കോബ് ഗൃഹമേ, വരുവിൻ;
നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു;
അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും
ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും
അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു.
അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു;
അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല;
അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു;
അവരുടെ രഥങ്ങൾക്കും എണ്ണമില്ല.
അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു;
സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ
അവർ നമസ്കരിക്കുന്നു.
മനുഷ്യൻ വണങ്ങുന്നു,
പുരുഷൻ ലജ്ജിക്കപ്പെടുന്നു
ജനങ്ങള്‍ മാനഹീനരാകുന്നു;
അതിനാൽ നീ അവരോടു ക്ഷമിക്കരുതേ.
യഹോവയുടെ ഭയങ്കരത്വം നിമിത്തവും
അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും
നീ പാറയിൽ കടന്നു
മണ്ണിൽ ഒളിച്ചുകൊള്ളുക.
മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും;
പുരുഷന്മാരുടെ ഉന്നതഭാവം കുനിയും;
യഹോവ മാത്രം ആ ന്യായവിധി നാളിൽ
ഉന്നതനായിരിക്കും.
സൈന്യങ്ങളുടെ യഹോവയുടെ നാൾ
അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും
നിഗളമുള്ള എല്ലാറ്റിന്മേലും വരും;
അവ താണുപോകും.
ലെബാനോനിലെ പൊക്കവും
ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും
ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും
ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും
ഉയരമുള്ള എല്ലാ കുന്നുകളിന്മേലും
ഉന്നതമായ സകലഗോപുരത്തിന്മേലും
ഉറപ്പുള്ള എല്ലാ മതിലിന്മേലും
എല്ലാ തർശ്ശീശ് കപ്പലിന്മേലും
മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും1 വരും.
അപ്പോൾ മനുഷ്യന്‍റെ ഗർവ്വം2 കുനിയും;
പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.
വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.
യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ
അവർ അവന്‍റെ ഭയങ്കരത്വം നിമിത്തവും
അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും
പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും.
അവർ നമസ്കരിക്കുവാൻ
വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ
മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ
തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.
യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ
അവന്‍റെ ഭയങ്കരത്വം നിമിത്തവും
അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും
അവർ പാറകളുടെ പിളർപ്പുകളിലും
ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും
മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ;
അവനെ എന്ത് വിലമതിക്കുവാനുള്ളു?
Source notes (2)
- Footnote സകല ശൃംഗാരഗോപുരത്തിന്മേലും മനോഹരമായ സകല കപ്പലിന്മേലും.
- Footnote ഗർവ്വം അഹങ്കാരം.
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.