Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

യെശ. 19

മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം

മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം:

യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു;

അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ

അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും

മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും.

“ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും;

അവർ ഓരോരുത്തൻ അവനവന്‍റെ സഹോദരനോടും

ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോടും

പട്ടണം പട്ടണത്തോടും

രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.

മിസ്രയീമിന്‍റെ ചൈതന്യം അതിന്‍റെ ഉള്ളിൽ ഒഴിഞ്ഞുപോകും;

ഞാൻ അതിന്‍റെ ആലോചനയെ നശിപ്പിക്കും;

അപ്പോൾ അവർ മിഥ്യാമൂർത്തികളോടും

മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും

ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.

ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കയ്യിൽ ഏല്പിക്കും;

ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും”

എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും;

നദി വറ്റി ഉണങ്ങിപ്പോകും.

നദികൾക്കു നാറ്റം പിടിക്കും;

മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും;

ഞാങ്ങണയും ഓടപ്പുല്ലും1 വാടിപ്പോകും.

നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും

നദീതീരത്തു വിതച്ച സകലവും

ഉണങ്ങി പറന്ന് ഇല്ലാതെപോകും.

മീൻ പിടിക്കുന്നവർ വിലപിക്കും;

നദിയിൽ ചൂണ്ടൽ ഇടുന്നവരെല്ലാം ദുഃഖിക്കും;

വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.

ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും

വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും.

രാജ്യത്തിന്‍റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും;

കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.

സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ;

ഫറവോന്‍റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു;

“ഞാൻ ജ്ഞാനികളുടെ മകൻ,

പുരാതനരാജാക്കന്മാരുടെ മകൻ”

എന്നിപ്രകാരം നിങ്ങൾ ഫറവോനോട് പറയുന്നത് എങ്ങനെ?

നിന്‍റെ ജ്ഞാനികൾ എവിടെ?

അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ;

സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത്

അവർ എന്തെന്ന് ഗ്രഹിക്കട്ടെ.

സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു;

നോഫിലെ 2പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു;

മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ

അതിനെ തെറ്റിച്ചുകളഞ്ഞു.

യഹോവ അതിന്‍റെ നടുവിൽ മനോവിഭ്രമം പകർന്നു;

ലഹരിപിടിച്ചവൻ തന്‍റെ ഛർദ്ദിയിൽ വേച്ചുനടക്കുന്നതുപോലെ

അവർ മിസ്രയീമിനെ അതിന്‍റെ സകലപ്രവൃത്തിയിലും

തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.

തലയ്‌ക്കോ വാലിനോ പനമ്പട്ടയ്‌ക്കോ പോട്ടപ്പുല്ലിനോ

മിസ്രയീമിനുവേണ്ടി നിർവഹിക്കേണ്ടുന്ന

ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല.

ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും. യെഹൂദാദേശം മിസ്രയീമിന് ഭയങ്കരമായിരിക്കും; അതിന്‍റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.

ആ നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.

ആ നാളിൽ മിസ്രയീമിന്‍റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്‍റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും. അത് മിസ്രയീമിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും. അങ്ങനെ യഹോവ മിസ്രയീമിന് സ്വയം വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും. യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൗഖ്യമാക്കുകയും ചെയ്യും.

ആ നാളിൽ മിസ്രയീമിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും. ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും. സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്‍റെ ജനമായ മിസ്രയീമും എന്‍റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്‍റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു അരുളിച്ചെയ്യും.

Source notes (2)
  1. Footnote ഓടപ്പുല്ലും നദിയരികെ വളരുന്ന ഒരുതരം സസ്യം.
  2. Footnote നോഫിലെ മെംഫിസിലെ

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.