Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

യെഹെ. 19

യിസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഒരു വിലാപഗീതം

നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:

“നിന്‍റെ അമ്മ ആരായിരുന്നു;

ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന്

തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.

അവൾ തന്‍റെ കുട്ടികളിൽ ഒന്നിനെ വളർത്തി;

അത് ഒരു ബാലസിംഹമായിത്തീർന്നു;

അത് ഇരതേടി പിടിക്കുവാൻ ശീലിച്ച്,

മനുഷ്യരെ തിന്നുകളഞ്ഞു.

ജനതകൾ അവന്‍റെ വസ്തുത കേട്ടു;

അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു;

അവർ അവനെ കൊളുത്തിട്ട്

മിസ്രയീമിലേക്കു കൊണ്ടുപോയി.

എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു

എന്നു കണ്ടിട്ട് തന്‍റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി.

അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച്

ബാലസിംഹമായിത്തീർന്നു;

ഇര തേടിപ്പിടിക്കുവാൻ ശീലിച്ച്,

മനുഷ്യരെ തിന്നുകളഞ്ഞു.

അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്,

അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി;

അവന്‍റെ ഗർജ്ജനം ഹേതുവായി

ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.

അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന്

അവന്‍റെനേരെ വന്ന് അവന്‍റെമേൽ വലവീശി;

അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.

അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി

ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുപോയി;

ഇനി അവന്‍റെ നാദം യിസ്രായേൽ പർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്

അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.

നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന

മുന്തിരിവള്ളിപോലെയാകുന്നു;

വളരെ വെള്ളം ഉള്ളതുകൊണ്ട്

അത് ഫലപ്രദവും തഴച്ചതുമായിരുന്നു.

അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു;

അത് തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു;

അത് പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും

പ്രസിദ്ധമായിരുന്നു.

എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു;

കിഴക്കൻകാറ്റ് അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു;

അതിന്‍റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി,

തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു.

ഇപ്പോൾ അതിനെ മരുഭൂമിയിൽ

ഉണങ്ങി വരണ്ട നിലത്തു നട്ടിരിക്കുന്നു.

അതിന്‍റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ടു

അതിന്‍റെ ഫലം ദഹിപ്പിച്ചുകളഞ്ഞു;

അതുകൊണ്ട് ആധിപത്യത്തിൻ്റെ ചെങ്കോലായിരിക്കുവാൻ തക്ക

ബലമുള്ള കോൽ അതിൽ നിന്നെടുക്കുവാൻ ഇല്ലാതെപോയി.

ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.