ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
പുറ. 24
ഉടമ്പടി ഉറപ്പിക്കുന്നു
യഹോവ പിന്നെയും മോശെയോട് പറഞ്ഞു: “നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിക്കുവിൻ. മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടെ കയറി വരുകയുമരുത്” എന്നു കല്പിച്ചു.
അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്നു ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു.
മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു. പിന്നെ അവർ യിസ്രായേൽ മക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു1; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ” എന്നു പറഞ്ഞു. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവിടുത്തെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽ മക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങൾ കഴിച്ചു.
പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിക്കുക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്നു അരുളിച്ചെയ്തു. അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റ്, മോശെ ദൈവത്തിന്റെ പർവ്വതത്തിൽ കയറി.
അവൻ മൂപ്പന്മാരോട്: “ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിക്കുവിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ” എന്നു പറഞ്ഞു.
അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി. യഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിൻ്റെ നടുവിൽനിന്ന് മോശെയെ വിളിച്ചു. യഹോവയുടെ തേജസ്സിൻ്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽ മക്കൾക്ക് തോന്നി. മോശെയോ മേഘത്തിൻ്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.
Source notes (1)
- Footnote അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു യഹോവ നിങ്ങളുമായി എല്ലാ കാര്യങ്ങളിലും ഏര്പ്പെടുന്ന ഉടമ്പടിയുടെ രക്തം
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.