Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

ഉത്തമഗീതം 2

ഞാൻ ശാരോനിലെ പനിനീർപുഷ്പവും

താഴ്‌വരകളിലെ താമരപ്പൂവും ആകുന്നു.

മുള്ളുകളുടെ ഇടയിൽ താമരപോലെ

കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.

കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ

യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;

അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു;

അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.

അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു;

എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.

ഞാൻ പ്രേമപരവശയായിരിക്കയാൽ

മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ;

നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ.

അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;

അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.

യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,

പ്രേമത്തിന്നു ഇഷ്ടമാകുവോളം

അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.

അതാ, എന്റെ പ്രിയന്റെ സ്വരം!

അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.

എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ;

ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു;

അവൻ കിളിവാതിലൂടെ നോക്കുന്നു;

അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.

എന്റെ പ്രിയൻ എന്നോടു പറഞ്ഞതു:

എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.

ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.

പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;

വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;

കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.

അത്തിക്കായ്കൾ പഴുക്കുന്നു;

മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു;

എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.

പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,

ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ;

നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;

നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.

ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ

മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ,

ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.

എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ;

അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.

വെയിലാറി, നിഴൽ കാണാതെയാകുവോളം,

എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ

ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.