Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 66

സംഗീതപ്രമാണിക്കു; ഒരു ഗീതം; ഒരു സങ്കീർത്തനം.

സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;

അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ;

അവന്റെ സ്തുതി മഹത്വീകരിപ്പിൻ.

നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;

നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;

സർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും;

അവർ നിന്റെ നാമത്തിന്നു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ.

വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;

അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ. 1

അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;

അവർ കാൽനടയായി നദി കടന്നുപോയി;

അവിടെ നാം അവനിൽ സന്തോഷിച്ചു.

അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;

അവന്റെ കണ്ണു ജാതികളെ നോക്കുന്നു;

മത്സരക്കാർ തങ്ങളെ തന്നേ ഉയർത്തരുതേ. സേലാ.

വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;

അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.

അവൻ നമ്മെ ജീവനോടെ കാക്കുന്നു;

നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.

ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;

വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.

നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി;

ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.

നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;

ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;

എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.

ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും;

എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും.

ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ

അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.

ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടെ

തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും;

ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.

സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ;

അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.

ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു;

എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.

ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ

കർത്താവു കേൾക്കയില്ലായിരുന്നു.

എന്നാൽ ദൈവം കേട്ടിരിക്കുന്നു;

എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;

എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും

തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

Source notes (1)
  1. Cross-reference പുറപ്പാടു 14:21; യോശുവ 3:14-17

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.