Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 62

സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.

എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;

എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.

അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;

എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.

നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ

ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?

അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു;

അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു;

എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. സേലാ.

എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക;

എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.

അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;

എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.

എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു;

എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.

ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ;

നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ;

ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;

തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;

അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.

പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു;

സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;

ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു,

ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു. 1

കർത്താവേ, ദയയും നിനക്കുള്ളതാകുന്നു;

നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

Source notes (1)
  1. Cross-reference ഇയ്യോബ് 34:11; യിരെമ്യാവു 17:10; മത്തായി 16:27; റോമർ 2:6; വെളിപ്പാടു 2:23

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.