Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 58

സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം.

ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ?

മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ?

നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു;

ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു.

ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു;

അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റിനടക്കുന്നു.

അവരുടെ വിഷം സർപ്പവിഷംപോലെ;

അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.

എത്ര സാമർത്ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും

മന്ത്രവാദികളുടെ വാക്കു അതു കേൾക്കയില്ല.

ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകർക്കേണമേ;

യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകർത്തുകളയേണമേ.

ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ;

അവൻ തന്റെ അമ്പുകളെ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.

അലിഞ്ഞു പോയ്പോകുന്ന ഒച്ചുപോലെ അവർ ആകട്ടെ;

ഗർഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.

നിങ്ങളുടെ കലങ്ങൾക്കു മുൾതീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.

നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും;

അവൻ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.

ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം;

ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം

എന്നു മനുഷ്യർ പറയും.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.