Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 51

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. അവൻ ബത്ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻപ്രവാചകൻ അവന്റെ അടുക്കൽ വന്നപോൾ ചമെച്ചതു.

ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ;

നിന്റെ കരുണയുടെ ബഹുത്വപ്രകാരം

എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.

എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ;

എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു;

എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. 1

നിന്നോടു തന്നേ ഞാൻ പാപം ചെയ്തു;

നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു.

സംസാരിക്കുമ്പോൾ നീ നീതിമാനായും

വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.

ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;

പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.

അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു;

അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.

ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ;

ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.

സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ;

നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.

എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ;

എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.

ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു

സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ

നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.

നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ;

മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും;

പാപികൾ നിങ്കലേക്കു മനംതിരിയും.

എന്റെ രക്ഷയുടെ ദൈവമായ ദൈവമേ,

രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ;

എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.

കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ;

എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.

ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു;

ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.

ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു;

തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.

നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ;

യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;

അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും;

അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.

Source notes (1)
  1. Cross-reference റോമർ 3:4

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.