Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 48

ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ

യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. 1

മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവ്വതം

ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.

അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.

ഇതാ, രാജാക്കന്മാർ കൂട്ടം കൂടി;

അവർ ഒന്നിച്ചു കടന്നുപോയി.

അവർ അതു കണ്ടു അമ്പരന്നു,

അവർ പരിഭ്രമിച്ചു ഓടിപ്പോയി.

അവർക്കു അവിടെ വിറയൽ പിടിച്ചു;

നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.

നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.

നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,

നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു;

ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.

ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.

ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു;

നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.

നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കയും

യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.

സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‌വിൻ;

അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.

വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു

അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.

ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു;

അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.

Source notes (1)
  1. Cross-reference മത്തായി 5:35

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.