Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 45

സംഗീതപ്രമാണിക്കു; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം.

എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;

എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു.

എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.

നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;

ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു;

അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.

വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക;

നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.

സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്നു

നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക;

നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.

നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു;

ജാതികൾ നിന്റെ കീഴിൽ വീഴുന്നു;

രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു. 1

ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു;

നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.

നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു;

അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നേ, നിന്റെ കൂട്ടുകാരിൽ പരമായി

നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.

നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു;

ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.

നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു;

നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു.

അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവിചായ്ക്ക.

സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.

അപ്പോൾ രാജാവു നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും;

അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.

സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ,

കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.

അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു;

അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു.

അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും;

അവളുടെ തോഴിമാരായി കൂടെനടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.

സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും;

അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.

നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും;

സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.

ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും.

അതുകൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

Source notes (1)
  1. Cross-reference എബ്രായർ 1:8,9

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.