Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 34

ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വെച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നു അവനെ ആട്ടിക്കളയുകയും ചെയ്തിട്ടു അവൻ പോകുമ്പൊൾ പാടിയ ഒരു സങ്കീർത്തനം.

ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;

അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.

എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു;

എളിയവർ അതു കേട്ടു സന്തോഷിക്കും.

എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ;

നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.

ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി

എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;

അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;

അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.

യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും

പാളയമിറങ്ങി അവരെ വിടുവിക്കുന്നു. 1

യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ;

അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.

യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;

അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ.

ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും;

യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.

മക്കളേ, വന്നു എനിക്കു ചെവിതരുവിൻ;

യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം. 2

ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു

ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?

ദോഷം ചെയ്യാതെ നിന്റെ നാവിനെയും

വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;

ദോഷം വിട്ടകന്നു ഗുണം ചെയ്ക;

സമാധാനം അന്വേഷിച്ചു പിന്തുടരുക.

യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും

അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു

യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.

നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,

സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ;

മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;

അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. 3

അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു;

അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.

അനർത്ഥം ദുഷ്ടനെ കൊല്ലുന്നു;

നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും.

യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു;

അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.

Source notes (3)
  1. Cross-reference 1. പത്രൊസ് 2:3
  2. Cross-reference 1. പത്രൊസ് 3:10-12
  3. Cross-reference യോഹന്നാൻ 19:36

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.