Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 26

ദാവീദിന്റെ ഒരു സങ്കീർത്തനം.

യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ;

ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു;

ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.

യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ;

എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.

നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു;

നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.

വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല;

കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു;

ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.

സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും

നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വർണ്ണിക്കേണ്ടതിന്നും

ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു;

യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.

യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും

നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.

പാപികളോടുകൂടെ എന്റെ പ്രാണനെയും

രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.

അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ടു;

അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.

ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും;

എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.

എന്റെ കാലടി സമനിലത്തു നില്ക്കുന്നു;

സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.