മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ
സങ്കീർത്തനങ്ങൾ 24
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
യഹോവയുടെ പർവ്വതത്തിൽ ആർ കയറും?
അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും? 2
വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
അവൻ യഹോവയോടു അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവു ആർ?
ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവു ആർ?
സൈന്യങ്ങളുടെ യഹോവ തന്നേ;
അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
Source notes (2)
- Cross-reference 1. കൊരിന്ത്യർ 10:26
- Cross-reference മത്തായി 5:8
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.