Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 22

സംഗീതപ്രമാണിക്കു; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.

1

എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു?

എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്തു?

എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല;

രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൗനതയില്ല.

യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ,

നീ പരിശുദ്ധനാകുന്നുവല്ലോ.

ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു;

അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.

അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു;

അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.

ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;

മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ. 2

എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു;

അവർ അധരം മലർത്തി തല കുലുക്കുന്നു; 3

യഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ!

അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.

നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ;

എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.

ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;

എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.

കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ;

സഹായിപ്പാൻ മറ്റാരുമില്ലല്ലോ.

അനേകം കാളകൾ എന്നെ വളഞ്ഞു;

ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ

അവർ എന്റെ നേരെ വായ് പിളർക്കുന്നു.

ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;

എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;

എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.

എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;

എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു.

നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;

അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.

എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം;

അവർ എന്നെ ഉറ്റുനോക്കുന്നു. 4

എന്റെ വസ്ത്രം അവർ പകുത്തെടുത്തു,

എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

നീയോ, യഹോവേ, അകന്നിരിക്കരുതേ;

എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

വാളിങ്കൽനിന്നു എന്റെ പ്രാണനെയും

നായുടെ കയ്യിൽനിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.

സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ;

കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കു ഉത്തരമരുളുന്നു. 5

ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും;

സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.

യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ;

യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ;

യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.

അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല;

തന്റെ മുഖം അവന്നു മറെച്ചതുമില്ല;

തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.

മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു.

അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.

എളിയവർ തിന്നു തൃപ്തന്മാരാകും;

യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും.

നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.

ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും;

ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.

രാജത്വം യഹോവെക്കുള്ളതല്ലോ;

അവൻ ജാതികളെ ഭരിക്കുന്നു.

ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും;

പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും;

തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനും കൂടെ.

ഒരു സന്തതി അവനെ സേവിക്കും;

വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും.

അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.

Source notes (5)
  1. Cross-reference മത്തായി 27:46; മർക്കൊസ് 15:34
  2. Cross-reference മത്തായി 27:39; മർക്കൊസ് 15:29; ലൂക്കൊസ് 23:35
  3. Cross-reference മത്തായി 27:43
  4. Cross-reference മത്തായി 27:35; മർക്കൊസ് 15:24; ലൂക്കൊസ് 23:34; യോഹന്നാൻ 19:24
  5. Cross-reference എബ്രായർ 2:12

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.