മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ
സങ്കീർത്തനങ്ങൾ 19
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.
ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു;
ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
പകൽ പകലിന്നു വാക്കു പൊഴിക്കുന്നു;
രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല. 1
ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും
ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു;
അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം;
വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും
അറുതിവരെ അതിന്റെ അയനവും ആകുന്നു;
അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
യഹോവയുടെ ന്യായപ്രമാണം തികവുള്ളതു;
അതു പ്രാണനെ തണുപ്പിക്കുന്നു.
യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു;
അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
യഹോവയുടെ ആജ്ഞകൾ നേരുള്ളവ;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
യഹോവയുടെ കല്പന നിർമ്മലമായതു;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
യഹോവാഭക്തി നിർമ്മലമായതു;
അതു എന്നേക്കും നിലനില്ക്കുന്നു;
യഹോവയുടെ വിധികൾ സത്യമായവ;
അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.
അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ;
തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;
അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.
തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ?
മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ;
അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,
എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും
നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
Source notes (1)
- Cross-reference റോമർ 10:18
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.