Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 17

ദാവീദിന്റെ ഒരു പ്രാർത്ഥന.

യഹോവേ, ന്യായത്തെ കേൾക്കേണമേ,

എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ.

കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.

എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ;

നിന്റെ കണ്ണു നേർ കാണുമാറാകട്ടെ.

നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു;

നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല;

എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.

മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ

നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.

എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു;

എന്റെ കാൽ വഴുതിയതുമില്ല.

ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ;

നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.

നിന്നെ ശരണമാക്കുന്നവരെ അവരോടു എതിർക്കുന്നവരുടെ കയ്യിൽനിന്നു

നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ,

നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.

കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ;

എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും

എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം

നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറെച്ചുകൊള്ളേണമേ.

അവർ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു;

വായ് കൊണ്ടു വമ്പു പറയുന്നു.

അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു;

ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവെക്കുന്നു.

കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും

മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.

യഹോവേ, എഴുന്നേറ്റു അവനോടെതിർത്തു അവനെ തള്ളിയിടേണമേ.

യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കയ്യിൽനിന്നും

തൃക്കൈകൊണ്ടു ലൗകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ;

അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;

നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു;

അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു;

തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.

ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും;

ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.