മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ
സങ്കീർത്തനങ്ങൾ 136
യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.
കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.
ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു. 2
ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു. 3
ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു. 4
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
പകൽ വാഴുവാൻ സൂര്യനെയും -
അവന്റെ ദയ എന്നേക്കുമുള്ളതു.
രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു. 5
മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു. 6
അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ-
അവന്റെ ദയ എന്നേക്കുമുള്ളതു. 7
ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
മഹാരാജാക്കന്മാരെ സംഹരിച്ചവന്നു ‒ അവന്റെ ദയ എന്നേക്കുമുള്ളതു.
ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു. 8
അമോര്യരുടെ രാജാവായ സീഹോനെയും -
അവന്റെ ദയ എന്നേക്കുമുള്ളതു. 9
ബാശാൻ രാജാവായ ഓഗിനെയും -
അവന്റെ ദയ എന്നേക്കുമുള്ളതു.
അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -
അവന്റെ ദയ എന്നേക്കുമുള്ളതു.
തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -
അവന്റെ ദയ എന്നേക്കുമുള്ളതു.
നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.
Source notes (9)
- Cross-reference 1. ദിനവൃത്താന്തം 16:34; 2. ദിനവൃത്താന്തം 5:13; 7:3; എസ്രാ 3:11; സങ്കീർത്തനങ്ങൾ 100:5; 106:1; 107:1; 118:1; യിരെമ്യാവു 33:11
- Cross-reference ഉല്പത്തി 1:1
- Cross-reference ഉല്പത്തി 1:2
- Cross-reference ഉല്പത്തി 1:16
- Cross-reference പുറപ്പാടു 12:29
- Cross-reference പുറപ്പാടു 12:51
- Cross-reference പുറപ്പാടു 14:21-29
- Cross-reference സംഖ്യാപുസ്തകം 21:21-30
- Cross-reference സംഖ്യാപുസ്തകം 21:31-35
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.