Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 118

1

യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ;

അവന്റെ ദയ എന്നേക്കുമുള്ളതു.

അവന്റെ ദയ എന്നേക്കുമുള്ളതു

എന്നു യിസ്രായേൽ പറയട്ടെ.

അവന്റെ ദയ എന്നേക്കുമുള്ളതു

എന്നു അഹരോൻഗൃഹം പറയട്ടെ.

അവന്റെ ദയ എന്നേക്കുമുള്ളതു

എന്നു യഹോവാഭക്തർ പറയട്ടെ.

ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,

യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. 2

യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല;

മനുഷ്യൻ എന്നോടു എന്തു ചെയ്യും?

എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു;

ഞാൻ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.

മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ

യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.

പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ

യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.

സകലജാതികളും എന്നെ ചുറ്റിവളഞ്ഞു;

യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;

യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു;

മുൾതീപോലെ അവർ കെട്ടുപോയി;

യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;

എങ്കിലും യഹോവ എന്നെ സഹായിച്ചു. 3

യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;

അവൻ എനിക്കു രക്ഷയായും തീർന്നു.

ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു;

യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;

യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.

യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;

എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.

നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ;

ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും.

യഹോവയുടെ വാതിൽ ഇതു തന്നേ;

നീതിമാന്മാർ അതിൽകൂടി കടക്കും.

നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ

ഞാൻ നിനക്കു സ്തോത്രം ചെയ്യും. 4

വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.

ഇതു യഹോവയാൽ സംഭവിച്ചു

നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

ഇതു യഹോവ ഉണ്ടാക്കിയ ദിവസം;

ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക. 5

യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;

യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ. 6

യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;

ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു;

യാഗപീഠത്തിന്റെ കൊമ്പുകളോളം

യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ.

നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;

നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.

യഹോവെക്കു സ്തോത്രം ചെയ്‌വിൻ;

അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

Source notes (6)
  1. Cross-reference 1. ദിനവൃത്താന്തം 16:34; 2. ദിനവൃത്താന്തം 5:13; 7:3; എസ്രാ 3:11; സങ്കീർത്തനങ്ങൾ 100:5; 106:1; 107:1; 136:1; യിരെമ്യാവു 33:11
  2. Cross-reference എബ്രായർ 13:6
  3. Cross-reference പുറപ്പാടു 15:2; യെശയ്യാവു 12:2
  4. Cross-reference ലൂക്കൊസ് 20:17; അപ്പൊ. പ്രവൃത്തികൾ 4:11; 1. പത്രൊസ് 2:7; മത്തായി 21:42; മർക്കൊസ് 12:10,11
  5. Cross-reference മത്തായി 21:9; മർക്കൊസ് 11:9; യോഹന്നാൻ 12:13
  6. Cross-reference മത്തായി 21:9; 23:39; മർക്കൊസ് 11:9; ലൂക്കൊസ് 13:35; 19:38; യോഹന്നാൻ 12:13

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.