മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ
സങ്കീർത്തനങ്ങൾ 115
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,
നിന്റെ ദയയും വിശ്വസ്തതയുംനിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?
നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു;
തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു. 1
അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;
മനുഷ്യരുടെ കൈവേല തന്നേ.
അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല;
കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും;
അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;
അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. 2
അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;
ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.
മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ
ആരും യഹോവയെ സ്തുതിക്കുന്നില്ല.
നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.
യഹോവയെ സ്തുതിപ്പിൻ.
Source notes (2)
- Cross-reference സങ്കീർത്തനങ്ങൾ 135:15-18; വെളിപ്പാടു 9:20
- Cross-reference വെളിപ്പാടു 11:18; 19:5
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.