Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സദൃശവാക്യങ്ങൾ 13

ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം;

പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.

തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;

ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.

വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;

അധരങ്ങളെ പിളർക്കുന്നവന്നോ നാശം ഭവിക്കും.

മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;

ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.

നീതിമാൻ ഭോഷ്കു വെറുക്കുന്നു;

ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.

നീതി സന്മാർഗ്ഗിയെ കാക്കുന്നു;

ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.

ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ടു;

വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ടു;

മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ;

ദരിദ്രനോ ഭീഷണിപോലും കേൾക്കേണ്ടിവരുന്നില്ല.

നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു;

ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു;

ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;

അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും;

അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വർദ്ധിച്ചു വർദ്ധിച്ചു വരും.

ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;

ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.

വചനത്തെ നിന്ദിക്കുന്നവൻ അതിന്നു ഉത്തരവാദി;

കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.

ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു;

അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു;

ദ്രോഹിയുടെ വഴിയോ ദുർഘടം.

സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;

ഭോഷനോ തന്റെ ഭോഷത്വം വിടർത്തു കാണിക്കുന്നു.

ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;

വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.

പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും;

ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.

ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു;

ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പു.

ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും;

ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

ദോഷം പാപികളെ പിന്തുടരുന്നു;

നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.

ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു;

പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.

സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;

എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.

വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു;

അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;

ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.