Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

ലേവ്യപുസ്തകം 18

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു. എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 1ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.

നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ തക്കവണ്ണം അവരോടു അടുക്കരുതു; ഞാൻ യഹോവ ആകുന്നു. നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു. 2അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ. 3അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടിൽ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു. നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ. നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ സഹോദരിയല്ലോ. 4അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ. അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ. അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവൾ നിന്റെ ഇളയമ്മയല്ലോ. 5നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു. 6സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ. 7ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു: അവർ അടുത്ത ചാർച്ചക്കാരല്ലോ; അതു ദുഷ്കർമ്മം. ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിപ്പാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെകൂടെ പരിഗ്രഹിക്കരുതു. 8ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു. 9കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു. 10നിന്റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന്നു അർപ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു. 11സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ലേച്ഛത. 12യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാൽ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പിൽ നിൽക്കയും അരുതു; അതു നികൃഷ്ടം.

ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു. ഈ മ്ലേച്ഛത ഒക്കെയും നിങ്ങൾക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു. നിങ്ങൾക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിപ്പാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. ആകയാൽ നിങ്ങൾക്കു മുമ്പെ നടന്ന ഈ മ്ലേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Source notes (12)
  1. Cross-reference നെഹെമ്യാവു 9:29; യെഹെസ്കേൽ 18:9; 20:11-13; ലൂക്കൊസ് 10:28; റോമർ 10:5; ഗലാത്യർ 3:12
  2. Cross-reference ലേവ്യപുസ്തകം 20:11; ആവർത്തനപുസ്തകം 22:30; 27:20
  3. Cross-reference ലേവ്യപുസ്തകം 20:17; ആവർത്തനപുസ്തകം 27:22
  4. Cross-reference ലേവ്യപുസ്തകം 20:19,20
  5. Cross-reference ലേവ്യപുസ്തകം 20:12
  6. Cross-reference ലേവ്യപുസ്തകം 20:21
  7. Cross-reference ലേവ്യപുസ്തകം 20:14; ആവർത്തനപുസ്തകം 27:23
  8. Cross-reference ലേവ്യപുസ്തകം 20:18
  9. Cross-reference ലേവ്യപുസ്തകം 20:10
  10. Cross-reference ലേവ്യപുസ്തകം 20:1-5
  11. Cross-reference ലേവ്യപുസ്തകം 20:13
  12. Cross-reference പുറപ്പാടു 22:19; ലേവ്യപുസ്തകം 20:15,16; ആവർത്തനപുസ്തകം 27:21

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.