Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

ഇയ്യോബ് 5

വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ?

നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?

നീരസം ഭോഷനെ കൊല്ലുന്നു;

ഈർഷ്യ മൂഢനെ ഹിംസിക്കുന്നു.

മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു

ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ശപിച്ചു.

അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു;

അവർ രക്ഷകനില്ലാതെ വാതില്ക്കൽവെച്ചു തകർന്നുപോകുന്നു.

അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും;

മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും;

അവരുടെ സമ്പത്തു ദാഹമുള്ളവർ കപ്പിക്കളയും.

അനർത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല;

കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;

തീപ്പൊരി ഉയരെ പറക്കുംപോലെ

മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.

ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു;

എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;

അവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും

അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു;

വയലുകളിലേക്കു വെള്ളം വിടുന്നു.

അവൻ താണവരെ ഉയർത്തുന്നു;

ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു. 1

അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;

അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല.

അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു;

വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു. പകൽസമയത്തു അവർക്കു ഇരുൾ നേരിടുന്നു;

ഉച്ചസമയത്തു അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു. അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും

ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.

അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു;

നീതികെട്ടവനോ വായ്പൊത്തുന്നു. 2

ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;

സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു. 3

അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു;

അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.

ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും;

ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും

യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.

നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും;

നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.

നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും;

കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല. വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും;

കാട്ടിലെ മൃഗങ്ങൾ നിന്നോടു ഇണങ്ങിയിരിക്കും.

നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും;

നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.

നിന്റെ സന്താനം അസംഖ്യമെന്നും

നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.

തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ

നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.

ഞങ്ങൾ അതു ആരാഞ്ഞുനോക്കി,

അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.

Source notes (3)
  1. Cross-reference 1. കൊരിന്ത്യർ 3:19
  2. Cross-reference സദൃശവാക്യങ്ങൾ 3:11,12; എബ്രായർ 12:5,6
  3. Cross-reference ഹോശേയ 6:1

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.