ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സങ്കീ. 46
ദൈവം നമ്മുടെ സങ്കേതം ആകുന്നു
സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം.
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;
കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു.
അതുകൊണ്ട്, ഭൂമി മാറിപ്പോയാലും,
പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും,
അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും
പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല. സേലാ.
ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ ദൈവനഗരത്തെ,
അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.
ദൈവം അതിന്റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല;
ദൈവം അതികാലത്ത് തന്നെ അതിനെ സഹായിക്കും.
ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി;
കർത്താവ് തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.
വരുവിൻ യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ;
അവിടുന്ന് ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!
കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു;
അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയുന്നു1.
യുദ്ധം നിര്‍ത്തുവിന്‍2, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ;
ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.
Source notes (2)
- Footnote കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു; അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയുന്നു പുരാതന കാലത്തുള്ള പരിചകള്‍ തടിയും തുകലും കൊണ്ടു നിര്‍മ്മിച്ചവയായിരുന്നു. ഒലിവെണ്ണ കൊണ്ടു മിക്കവാറും മിനുക്കാറുമുണ്ടായിരുന്നു. അതുകൊണ്ട് വേഗത്തില്‍ കത്തുമായിരുന്നു
- Footnote യുദ്ധം നിര്‍ത്തുവിന്‍ മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.